നിങ്ങൾ ക്ലാസ്സിൽ ശ്രദ്ധിച്ചോളൂ, എ.ഐ. നോട്ടെഴുതും!
യുട്യൂബ് വീഡിയോയുടെ ലിങ്ക് മാത്രം നൽകിയാൽ, അത് കണ്ടുമനസ്സിലാക്കി മിനിറ്റുകൾക്കു ള്ളിൽ പ്രധാന വിവരങ്ങൾ എടുത്തുതരുന്ന എ.ഐ. സഹായിയാണ് Eightify
എട്ടിനൊപ്പം Eightify
ഈ ആപ്പിന്റെ പേരിൽത്തന്നെയുണ്ട് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. എത്ര വലിയ വീഡിയോ യാണെങ്കിലും നിമിഷനേരംകൊണ്ട് മനസ്സിലാക്കി അതിലെ ഏറ്റവും പ്രധാനപ്പെട്ട എട്ട് പ്രധാന കാര്യങ്ങൾ വേർതിരിച്ച് എടുത്തുതരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
എങ്ങനെ ഉപയോഗിക്കാം?
- ആപ്ലിക്കേഷനിലൂടെയോ വെബ്സൈറ്റ് വഴിയോ Eightify ഓപ്പൺ ചെയ്യണം.
- ശേഷം യുട്യൂബിൽനിന്ന് നമ്മൾ പഠിക്കാൻ ഉദ്ദേശിക്കുന്ന വീഡിയോയുടെ ലിങ്ക് കോപ്പി ചെയ്യണം.
- ഇത് ആപ്ലിക്കേഷനിൽ പേസ്റ്റ് ചെയ്യാം. 'Summarize’ബട്ടൺ ക്ലിക്ക് ചെയ്താൽ, സെക്കൻഡുകൾക്കുള്ളിൽ പ്രധാന പോയിന്റുകൾ സ്ക്രീനിൽ വരും. ഇവ ഡൗൺലോഡ് ചെയ്യാം.
ടൈമിലാണ് കാര്യം!
ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ടൈംസ്റ്റാമ്പുകൾ.അതായത്,നോട്ടിലെ ഓരോ പോയിന്റും വീഡിയോയിൽ എത്രാമത്തെ മിനിറ്റിലാണ് പറയുന്നത് എന്ന് കൃത്യമായി കാണിക്കും.
ആ സമയത്തിൽ ക്ലിക്ക് ചെയ്താൽ വീഡിയോയിലെ ആ ഭാഗത്തേക്ക് നേരിട്ട് പോകാം.
ഇതുമാത്രമല്ല, മലയാളമുൾപ്പെടെ ട്രാൻസ്ലേറ്റ് ചെയ്യാനുള്ള കിടിലൻ ഫീച്ചറും ആപ്പിലുണ്ട്.
പരീക്ഷയ്ക്ക് തൊട്ടുമുൻപ് വലിയ വീഡിയോകൾ മുഴുവൻ കാണാതെ, പ്രധാന ഭാഗങ്ങൾമാത്രം വേഗത്തിൽ വായിച്ച് റിവിഷൻ നടത്താനും ഇവൻ സഹായിക്കും.

