അണുകോടികൾ നമ്മൾ
നമ്മുടെ ശരീരത്തിലെ ഇത്തിരിക്കുഞ്ഞൻ കൂട്ടുകാരെ അറിയാം - ഹ്യൂമൻ മൈക്രോബയോം പ്രോജക്ട്
'ടീച്ചറേ, ഈ ഡെറ്റോളും സാനിറ്റൈസറുമൊക്കെ വച്ച് നമ്മൾ ശരീരത്തിലെ ബാക്ടീരിയകളെ മുഴുവൻ കൊന്നൊടുക്കില്ലേ? അപ്പോൾ നമ്മൾ 100% ജെം ഫ്രീ ആകില്ലേ...?' ക്ലാസിലേക്ക് കയറി വന്ന ടീച്ചറുടെ കൈകളിൽ സാനിറ്റൈസർ തിരുമ്മിക്കൊണ്ട് അപ്പു ചോദിച്ചു.
ടീച്ചർ ചിരിച്ചുകൊണ്ട് അപ്പുവിന്റെ കയ്യിലെ സാനിറ്റൈസർ കുപ്പി വാങ്ങി മേശപ്പുറത്ത് വച്ചു. എന്നിട്ടു ബോർഡിൽ വലിയ അക്ഷരത്തിൽ ഹ്യൂമൻ മൈക്രോബയോം (Human Microbiome) എന്ന് എഴുതിയിട്ട് പറഞ്ഞു: 'അപ്പു വിചാരിക്കുന്നതുപോലെ ശരീരത്തിലെ ബാക്ടീരിയകളെ മുഴുവൻ കൊന്നാൽ നമ്മൾ രക്ഷപ്പെട്ടു എന്നു കരുതണ്ട. പകരം നമ്മൾ രോഗികളായി മരിച്ചുപോകും. നമ്മുടെ ശരീരത്തിൽ നമ്മളെ ജീവിക്കാൻ സഹായിക്കുന്ന കോടിക്കണക്കിനു കുഞ്ഞന്മാർ ജീവിക്കുന്നുണ്ട്.'
'ശരീരത്തിനുള്ളിലെ ബാക്ടീരിയകളോ? അവ നമുക്ക് രോഗങ്ങളല്ലേ ടീച്ചറേ വരുത്തുന്നത്?' അഞ്ജനയ്ക്കു പേടിയായി.
'എല്ലാ ബാക്ടീരിയകളും ശത്രുക്കളല്ല മോളേ.' ടീച്ചർ വിശദീകരിച്ചു: 'നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ എണ്ണത്തേക്കാൾ കൂടുതൽ ബാക്ടീരിയകളും ഫംഗസുകളും വൈറസുകളും നമ്മുടെ ഉള്ളിലും ചർമത്തിലുമൊക്കെ ജീവിക്കുന്നുണ്ട്. ഈ സൂക്ഷ്മജീവികളുടെ കൂട്ടായ്മയെയാണ് 'മൈക്രോബയോം' എന്നു വിളിക്കുന്നത്. ഇവരെക്കുറിച്ച് പഠിക്കാൻ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ ചേർന്നു നടത്തിയ വലിയൊരു ഗവേഷണമാണ് ഹ്യൂമൻ മൈക്രോബയോം പ്രോജക്ട്.'
'അപ്പോൾ ഇവർ നമ്മുടെ ശരീരത്തിൽ എന്താ ചെയ്യുന്നത് ടീച്ചറേ?' അപ്പു ചോദിച്ചു.
'ഇവർ നമ്മുടെ ശരീരത്തിലെ ഏറ്റവും വിശ്വസ്തരായ കൂട്ടുകാരാണ്.' ടീച്ചർ പറഞ്ഞു: 'നമ്മുടെ വയറ്റിലുള്ള (Gut) നല്ല ബാക്ടീരിയകളാണ് നമ്മൾ കഴിക്കുന്ന ആഹാരം ദഹിപ്പിക്കാൻ സഹായിക്കുന്നത്. നമ്മൾ കഴിക്കുന്ന പല സങ്കീർണ്ണമായ ഭക്ഷണങ്ങളും ദഹിപ്പിക്കാനുള്ള എൻസൈമുകൾ നമ്മുടെ ശരീരത്തിലില്ല. അത് ഈ ബാക്ടീരിയകളാണ് ചെയ്തു തരുന്നത്. കൂടാതെ നമുക്കാവശ്യമായ വൈറ്റമിൻ ബി, വൈറ്റമിൻ കെ തുടങ്ങിയവയൊക്കെ നിർമ്മിച്ചു തരുന്നതും ഇവരാണ്. പുറത്തുനിന്നു വരുന്ന മാരകമായ രോഗാണുക്കളെ അടിച്ചു ഓടിക്കുന്നതും ഈ കുഞ്ഞൻ പടയാളികളാണ്.'
'ടീച്ചറേ, ശരിക്കും ഈ പ്രോജക്ട് കൊണ്ട് ശാസ്ത്രജ്ഞർ എന്താണു കണ്ടുപിടിച്ചത്?' അഞ്ജന കൗതുകത്തോടെ ചോദിച്ചു.
'വളരെ അത്ഭുതകരമായ കാര്യങ്ങളാണ്.' ടീച്ചർ ആവേശത്തോടെ പറഞ്ഞു: 'ഓരോ വ്യക്തിയുടെയും മൈക്രോബയോം വിരലടയാളംപോലെ വ്യത്യസ്തമാണ്. നമ്മുടെ ശരീരത്തിലെ ഈ നല്ല ബാക്ടീരിയകളുടെ എണ്ണത്തിൽ കുറവു വരുമ്പോഴാണ് അമിത വണ്ണം, പ്രമേഹം, അലർജികൾ, ക്യാൻസർ എന്നിവ ഉണ്ടാകുന്നത്. അതുകൊണ്ടു രോഗം വരുമ്പോൾ മരുന്നുകൾ കഴിക്കുന്നതിനു പകരം വയറ്റിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടുന്ന പ്രോബയോട്ടിക് (Probiotics) ഭക്ഷണങ്ങൾ നൽകി രോഗം മാറ്റുന്ന രീതി ഇന്നു വളർന്നു വരികയാണ്.'
'അപ്പോൾ നമ്മൾ പരസ്യത്തിൽ കാണുന്നതുപോലെ സാനിറ്റൈസർ ഇട്ട് ഇവരെ മുഴുവൻ കൊല്ലുന്നത് അത്ര നല്ലതല്ലല്ലേ ടീച്ചറേ?' അപ്പു തമാശയോടെ ചോദിച്ചു.
ടീച്ചർ ക്ലാസ് അവസാനിപ്പിച്ചുകൊണ്ട് പറഞ്ഞു: 'ആവശ്യത്തിന് ശുചിത്വം വേണം അപ്പു. പക്ഷേ അമിതമായി ആന്റിബയോട്ടിക്കുകളും കെമിക്കലുകളും ഉപയോഗിച്ച് ഈ നല്ല ബാക്ടീരിയകളെ കൊന്നൊടുക്കരുത്. നാരുകളടങ്ങിയ നല്ല ഭക്ഷണം കഴിച്ചും തൈര് പോലുള്ള പ്രോബയോട്ടിക്സ് ഉപയോഗിച്ചും നമ്മൾ ഈ കുഞ്ഞൻ കൂട്ടുകാരെ സംരക്ഷിക്കണം. കാരണം, നമ്മൾ ഒരു മനുഷ്യൻ മാത്രമല്ല, കോടിക്കണക്കിന് ജീവികൾ ഒത്തുചേർന്നു ജീവിക്കുന്ന വലിയൊരു സൂപ്പർ ഓർഗാനിസം (Superorganism) കൂടിയാണ്.
തയ്യാറാക്കിയത് സെബിൻ തോമസ്