
ആദ്യചുവട് വെയ്ക്കൂ
ആൽത്തറയിൽ വെറുതെയിരിക്കുന്ന യുവാവിനോടു വഴിയാത്രക്കാരനായ വയോധികൻ ചോദിച്ചു: നിങ്ങളെന്താണ് ഇവിടെ ഇരിക്കുന്നത്, ജോലിയൊന്നുമില്ലേ? തനിക്ക് ഉന്മേഷവുമൊന്നും തോന്നുന്നില്ല എന്നായിരുന്നു അയാളുടെ മറുപടി. മാസങ്ങൾ കഴിഞ്ഞു. വയോധികൻ മടക്കയാത്രയിൽ യുവാവിനെ അവിടെത്തന്നെ കണ്ടപ്പോൾ ചോദിച്ചു: ഉന്മേഷം വന്നില്ലേ? യുവാവ് പറഞ്ഞു: ഇല്ല. അപ്പോൾ നിങ്ങളെന്തു ചെയ്തു എന്ന് വയോധികൻ ചോദിച്ചപ്പോൾ അയാൾ ഒരു സങ്കോചവും കൂടാതെ മറുപടി നൽകി: ഒന്നും ചെയ്തിട്ടില്ല. വയോധികൻ പറഞ്ഞു: നിങ്ങൾ എന്തെങ്കിലും തുടങ്ങിയിട്ടു വരാമെന്നു കരുതി ഉന്മേഷവും കാത്തിരുന്നു കാണും.
പ്രവൃത്തിയാണ് പ്രവർത്തന ഊർജ്ജം സമ്മാനിക്കുന്നത്. ഒന്നും ചെയ്യാതെ പ്രചോദനത്തിനു കാത്തിരിക്കുന്നവർ ഒഴികഴിവുകൾ തേടുന്നവരാണ്. അവർക്കു നല്ല സമയം വേണം, നല്ല സ്ഥലം വേണം, പ്രതീക്ഷിക്കുന്ന കാലാവസ്ഥ വേണം, അനുകൂലമായ ആളുകൾ വേണം. നല്ല സമയം എന്നൊന്നില്ല, സമയം മാത്രമേയുള്ളൂ. അതു നല്ലതാണോ അല്ലയോ എന്നു തീരുമാനിക്കുന്നത് അതുപയോഗിക്കുന്നവരാണ്. അടുത്തു നിൽക്കുന്ന രണ്ടുപേരുടെയും സമയം ഒന്നുതന്നെയാണെങ്കിലും ഒരാൾക്കതു നല്ലതും മറ്റെയാൾക്കു മോശവുമാകുന്നത് അവരുടെ മാനസികനിലകൊണ്ടായിരിക്കും. നന്നല്ലെങ്കിൽ നന്നാക്കിയെടുക്കുക എന്നതു മാത്രമാണ് ഊർജ്ജം നിലനിർത്താനുള്ള വഴി.
എല്ലാം എപ്പോഴും അനുകൂലമായതിനുശേഷം എന്തെങ്കിലും ചെയ്യാൻ കാത്തിരിക്കുന്നവർ ഒന്നും ചെയ്യില്ല. ഓരോ കാരണം കണ്ടെത്തി എല്ലാം മാറ്റിവയ്ക്കും. ആ മാറ്റിവയ്ക്കലിനുപോലും ഒരുക്കത്തിന്റെ മുഖംമൂടിയുണ്ടാകും. നാളെ തുടങ്ങാം, മൂഡ് ശരിയാകുമ്പോൾ ആരംഭിക്കാം തുടങ്ങിയ അപകടരഹിതമെന്നു തോന്നുന്ന പ്രസ്താവനകൾ അവർ നിരന്തരം നടത്തും.
ചെയ്തികളാണ് ചലനവേഗം സൃഷ്ടിക്കുന്നത്. ആദ്യചുവടിനേ ബുദ്ധിമുട്ടുണ്ടാകൂ. പിന്നീട് ദ്രുതതാളം കണ്ടെത്തും. വലിയ കാര്യങ്ങളിലേർപ്പെടേണ്ട, കൂടുതൽ സമയം ചെലവഴിക്കേണ്ട. ചെറിയ കാര്യങ്ങൾക്ക് അല്പസമയം കണ്ടെത്തിയാൽ മതി. ഒരിക്കൽ മാറ്റിവയ്ക്കുന്നവ വീണ്ടും മാറ്റിവയ്ക്കും. ഇരിക്കുന്നിടത്തുനിന്ന് എഴുന്നേറ്റ് ആദ്യചുവട് വെയ്ക്കുക എന്നതാണ് ഏറ്റവും വലിയ യുദ്ധം.