
അവനും അഭിമാനമുണ്ട്
തിരക്കുള്ള ട്രെയിനിലാണ് രണ്ടു യുവതികളുടെയും യാത്ര. അവരുടെ രണ്ടുപേരുടെയും ഇടയ്ക്ക് ഒരു കുട്ടിയുമുണ്ട്. അവൻ മുഷിഞ്ഞ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. ഉറക്കംതൂങ്ങി അവൻ ഒരു സ്ത്രീയുടെ ദേഹത്തു മുട്ടിയപ്പോൾ അവൾ അസ്വസ്ഥയായി എന്തൊക്കെയോ പറഞ്ഞു. അല്പംകൂടി കഴിഞ്ഞ് അവൻ മറ്റേസ്ത്രീയുടെ തോളിൽ ചാരി ഉറങ്ങാൻ തുടങ്ങി. അവൾ ആദ്യസ്ത്രീയോടു കയർത്തു: നിന്റെ കുട്ടിയെ നിന്റെ മടിയിൽ കിടത്തണം. അത് തന്റെ കുട്ടിയല്ലെന്ന് അവൾ നിഷേധിച്ചു. വഴക്കു മൂത്തപ്പോൾ ഉറക്കമുണർന്ന കുട്ടി പറഞ്ഞു: ഞാൻ ആരുടേതുമല്ല, എനിക്കാരുമില്ല. അവൻ അവിടെന്നെഴുന്നേറ്റു പോയി.
എല്ലാവർക്കും അവരുടേതായ ഒരിടം വേണം. വളരാനും ചരിക്കാനും ഒരു സ്ഥലം, സ്വന്തം ഇഷ്ടങ്ങളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന പ്രദേശം, തന്റെ അസ്തിത്വത്തിനും അഭിപ്രായത്തിനും വില ലഭിക്കുന്ന സ്ഥലം, ആത്മാഭിമാനം നിലനിർത്തുന്ന പരിസരം, അങ്ങനെയൊരു വാസസ്ഥലം ആരാണ് ആഗ്രഹിക്കാത്തത്? എന്നും നിഷേധം സഹിച്ചു ജീവിക്കാൻ ആർക്കു കഴിയും? അവനവനും അപരനും അത്തരമൊരു ഇരിപ്പിടം ആവശ്യമാണെന്ന ബോധ്യമാണ് പരസ്പര ബഹുമാനവും ഉൾക്കൊള്ളലും സാധ്യമാക്കുക. മറ്റുള്ളവരുടെ രൂപഭാവങ്ങളോടു പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടാകാം, അവരുടെ പെരുമാറ്റരീതികൾ അംഗീകരിക്കാനുള്ള വിഷമമാകാം അല്ലെങ്കിൽ സ്വന്തം മുൻവിധികളോ തെറ്റിദ്ധാരണകളോ ആകാം അപരന് അവന്റെ സ്വർഗം നഷ്ടപ്പെടുത്തുന്നത്.
തങ്ങൾക്ക് നിയന്ത്രിക്കാനാകുന്നതോ ആകാത്തതോ ആയ പരിധികൾ ഓരോരുത്തർക്കുമുണ്ട്. അവയ്ക്കിടയിലൂടെ നെഞ്ചുവിരിച്ചു നടക്കുന്നതിനിടയിൽ കാൽതട്ടി വീഴുന്നതുകണ്ട് രസിക്കുന്നത് എത്ര ക്രൂരമാണ്. ഒരാളുടെയെങ്കിലും ആത്മവിശ്വാസത്തിനു കാരണമാകാൻ കഴിയുന്നതാണ് ഏറ്റവും വലിയ പുണ്യം. ആരും അന്യരല്ല എന്ന് മനസ്സിലാകുന്നത് സ്വയം ദുരിതത്തിലാകുമ്പോഴാണ്. ആളുനൂക്കി ആത്മബന്ധം സൂക്ഷിച്ചിരുന്നവരെല്ലാം അപ്രത്യക്ഷമാകുന്നതും അതുവരെ അപരിചിതരായി മാറ്റിനിർത്തിയിരുന്നവർ എല്ലാമായിത്തീരുന്നതും അത്തരം സന്ദർഭങ്ങളിലെ പാഠമാണ്. എങ്കിൽപ്പിന്നെന്തിനാണ് അപരനെ അവജ്ഞയോടെ വീക്ഷിക്കുന്നത്? ആരുടേതുമല്ലാതെ ജീവിക്കുന്നവരുടെ ഏകാന്തതയിൽ സാന്നിധ്യമാകുകയല്ലേ ചെയ്യേണ്ടത്?