
മുന്നിലുണ്ട് പല വഴികൾ
കച്ചവടക്കാരനും സംഘവും സാധനങ്ങൾ മൃഗങ്ങളുടെ ചുമലിലേറ്റി അടുത്തദേശത്തേക്കു പോകുകയാണ്. മരുഭൂമി കടന്നു വേണം അപ്പുറത്തെത്താൻ. പകൽ ചൂടുപൊള്ളുന്ന മണലിൽ നടക്കാൻ ബുദ്ധിമുട്ടാകുമെന്ന നിർദ്ദേശം ലഭിച്ചതുകൊണ്ട് അവർ യാത്ര രാത്രിയിലാക്കി. കുറേദൂരം നടന്നപ്പോഴേക്കും ദിശ തെറ്റി. നേരം വെളുത്തപ്പോൾ യാത്ര തുടങ്ങിയ സ്ഥലത്തുതന്നെ തിരിച്ചെത്തി. അപ്പോഴേക്കും ഭക്ഷണവും വെള്ളവും തീർന്നിരുന്നു. കൂടെയുള്ളവർ കച്ചവടക്കാരനെ പഴിക്കാൻതുടങ്ങി. അയാൾ ചുറ്റും നോക്കിയപ്പോൾ ഒരിടത്തു പുല്ല് നിൽക്കുന്നതു കണ്ടു. അവിടെ വെള്ളമുണ്ടാകുമെന്നു കരുതി കുഴിക്കാൻ അയാൾ ആവശ്യപ്പെട്ടു. അവർ കുറെനേരം കുഴിച്ചു. അവസാനം വലിയൊരു കല്ലിൽ തട്ടി. അവർ പണി നിർത്തിയിട്ടു പറഞ്ഞു: മരുഭൂമിയിൽ കുഴി കുഴിച്ചാൽ വെള്ളം കിട്ടില്ല. കച്ചവടക്കാരൻ കല്ലിൽ ചെവിവച്ച് ശ്രദ്ധിച്ചപ്പോൾ വെള്ളത്തിന്റെ ഇരമ്പൽ കേട്ടു. അവരെല്ലാം കൂടി ആ കല്ല് തകർത്തു. വെള്ളം പുറത്തേക്കു ചീറ്റി.
എല്ലാ വസന്തവും തനിയെ വരില്ല. ചിലതു സൃഷ്ടിച്ചെടുക്കണം. പ്രകൃതിനിയമമനുസരിച്ചു മാത്രം എല്ലാം സംഭവിക്കില്ല. ഋതുഭേദം നിശ്ചിതസമയപരിധികൾക്കുള്ളിൽ നടന്നില്ലെങ്കിലും ജീവിതം മുന്നോട്ടു പോകണം. നദി കരകവിഞ്ഞൊഴുകിയാലും വറ്റിവരണ്ടാലും ബദൽ മാർഗങ്ങൾ തേടണം. വഴിമുട്ടുമ്പോൾ നിലവിളിക്കുന്നവരുമുണ്ട്, പലവഴി തേടുന്നവരുമുണ്ട്.
ഏതിന്നുവേണ്ടി ചെലവഴിക്കുന്ന ഊർജ്ജമായിരിക്കും ക്രിയാത്മകമാകുക?
ഉടലെടുക്കുന്ന പ്രശ്നങ്ങളെല്ലാം വർത്തമാനത്തെ മാത്രമേ ബാധിക്കാൻ പാടുള്ളൂ, ഭാവിയെ തൊടാൻ അനുവദിക്കരുത്. എല്ലാ പ്രതിസന്ധികൾക്കും പരിഹാരമുണ്ട്, പ്രതീക്ഷ പുലർത്തണമെന്നു മാത്രം. അവസാനിച്ചു എന്നു ചിന്തിച്ചാൽ അവിടംകൊണ്ട് എല്ലാം അവസാനിക്കും. പിന്നെ മുന്നോട്ട് എങ്ങനെ എന്ന ചിന്തപോലുമില്ല. ഒരു പ്രശ്നം നേരിടുമ്പോഴുള്ള ഏറ്റവും വലിയ പ്രതിസന്ധി അതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും എന്നുള്ളതാണ്. പ്രതീക്ഷ നഷ്ടപ്പെട്ടവരെല്ലാം പരസ്പരം പഴിച്ചാരി സ്വയം രക്ഷപ്പെടും. നിശ്ചയദാർഢ്യം സൂക്ഷിക്കുന്നവർ അടുത്ത ചുവടുകളെക്കുറിച്ചു ചിന്തിക്കും
.