
ആദ്യചുവട് വച്ചാൽ
ആ ഗ്രാമത്തിൽ നാളുകളായി വരൾച്ചയാണ്. ഗ്രാമവാസികളെല്ലാം ഒരുമിച്ചുകൂടി പ്രശ്നപരിഹാരത്തിനു ചർച്ച നടത്തി. എന്തെങ്കിലും അടിയന്തരമായി ചെയ്യണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു. നദിയിൽനിന്നു കനാൽ വെട്ടുന്നതിനെക്കുറിച്ചു ചിലർ പറഞ്ഞു. സർക്കാർ എന്തെങ്കിലും ചെയ്യണമെന്നു നിർദ്ദേശിച്ചവരുമുണ്ട്. മഴയ്ക്കുവേണ്ടി കാത്തിരിക്കാം എന്നായി ചിലർ. പല യോഗങ്ങൾ നടന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ഒരു ദിവസം ഒരാൾ തൂമ്പയുമായി നദീതീരത്തേക്കെത്തി. അയാൾ തനിയെ കനാൽ നിർമാണം തുടങ്ങി. കുറേ പേർ പരിഹസിച്ചു. ഉച്ചയായപ്പോഴേക്കും കുറച്ചുപേർ സഹായത്തിനെത്തി. പിറ്റേന്നുമുതൽ ആളുകളുടെ എണ്ണം കൂടിവന്നു. ഒരാഴ്ചയ്ക്കുള്ളിൽ കനാൽ പൂർത്തിയായി. വരൾച്ചയും അവസാനിച്ചു.
പ്രതീക്ഷയ്ക്ക് അർഥം ലഭിക്കുന്നത് അതു പ്രവർത്തനമായി മാറുമ്പോഴാണ്. സ്വപ്ന സഞ്ചാരിയാകാൻ ആർക്കും കഴിയും. പ്രവൃത്തിപഥത്തിലേക്കെത്താനാണു ബുദ്ധിമുട്ട്. ധൈര്യവും നിരന്തരശ്രമവും തോൽക്കാനുള്ള സന്നദ്ധതയുമെല്ലാം അവിടെയുണ്ടാകണം. മഴ പെയ്തപ്പോഴല്ല, ഒരാൾ പ്രവർത്തിക്കാൻ തീരുമാനിച്ചപ്പോഴാണ് ഗ്രാമത്തിൽ മാറ്റം കണ്ടുതുടങ്ങിയത്. പ്രതീക്ഷ പ്രവർത്തനോർജം മാത്രമാണ്. പരിശ്രമത്തിനു പകരമല്ല. പ്രശ്നം എന്താണെന്ന് എല്ലാവർക്കുമറിയാം. പരിഹാരമറിയുന്ന ചിലരുമുണ്ട്. മുൻകൈയെടുത്തു പ്രവർത്തിക്കുന്നവരുടെ അഭാവമാണ് എല്ലാ പ്രതിസന്ധികളും നിലനിൽക്കാൻ കാരണം.
ആദ്യചുവടുവയ്ക്കാൻ ആരുടെയും പിന്തുണ ആവശ്യമില്ല. മറ്റുള്ളവർ തയ്യാറായിട്ടില്ലെന്ന കാരണത്താൽ പ്രയോജനകരമായതൊന്നും നീട്ടിവയ്ക്കരുത്. ഭൂരിപക്ഷ പിന്തുണയ്ക്കുപേണ്ടി കാത്തിരിക്കുന്നവരൊന്നും ഒന്നിനും കാരണക്കാരായിട്ടില്ല. അവർ ഒന്നും തുടങ്ങുകയോ തുടരുകയോ ചെയ്യില്ല. തനിച്ചാകുമോ പരാജയപ്പെടുമോ എന്നൊക്കെയുള്ള ഭീതികൊണ്ടാണ് അധികമാരും മുന്നിട്ടിറങ്ങാത്തത്. ഒരാൾ തുടങ്ങിയെന്നു കണ്ടാൽ ഒരുപറ്റം ആളുകൾ പിന്നാലെയെത്തും. ആദ്യം പരിഹസിച്ചവർപോലും അക്കൂട്ടത്തിലുണ്ടാകും.
പരാതിപ്പെടാൻ എളുപ്പമാണ്, ഉത്തരവാദിത്തം ഏറ്റെടുക്കാനാണ് ബുദ്ധിമുട്ട്. അരാണു പരിഹരിക്കുകയെന്ന ചോദ്യത്തിന് ഉത്തരം കിട്ടുമ്പോഴാണ് എല്ലാ പ്രശ്നങ്ങളും അവസാനിക്കുക. എങ്ങനെയാണ് പരിഹരിക്കുക എന്ന ചോദ്യത്തിന്നുത്തരം കിട്ടിയാലും അതൊരു പദ്ധതി മാത്രമായി ശേഷിക്കും. എങ്ങനെ അവസാനിപ്പിക്കുമെന്നു തീർച്ചപ്പെടുത്തി ഒന്നും തുടങ്ങാനാകില്ല. തുടങ്ങിക്കഴിയുമ്പോൾ മാത്രമാണ് അപ്രതീക്ഷിത വഴികൾ മുന്നിൽ തെളിയുന്നത്.