ഓരോന്നിനും ഓരോ കടമ
ഒരേ മണ്ണിൽനിന്ന് അയാൾ രണ്ടു പാത്രം നിർമിച്ചു. ഒന്ന് വൃത്താകൃതിയിൽ മിനുസമായ പ്രതലത്തോടു കൂടിയത്. രണ്ടാമത്തേതിനു വളവും ചെരിവുമുണ്ടായിരുന്നു. രണ്ടു പാത്രങ്ങളും കടയിൽ പ്രദർശിപ്പിച്ച അയാൾ ആദ്യ പാത്രത്തെ പ്രശംസിച്ചു. തന്നെ അവഗണിക്കുന്നതുകണ്ട് രണ്ടാമത്തെ പാത്രം ചോദിച്ചു: ഇതേ മണ്ണ് ഉപയോഗിച്ചിട്ടും എന്നെ എന്തിനാണ് ഇങ്ങനെ നിർമിച്ചത്? അയാൾ രണ്ടു പാത്രങ്ങളും പൂന്തോട്ടത്തിൽ കൊണ്ടുപോയി. ആദ്യത്തേതിൽ പൂ നിറച്ച് പ്രവേശനകവാടത്തിൽവച്ചു. മറ്റേതിനെ കാറ്റിൽ ഒടിഞ്ഞുപോകാൻ സാധ്യതയുള്ള ചെടിയുടെ അരികിൽവച്ചു. ആ പാത്രത്തിന്റെ ആകൃതി ചെടിക്കു താങ്ങായി. അയാൾ പറഞ്ഞു: നിങ്ങൾ രണ്ടുപേർക്കും നിങ്ങളുടേതായ സ്ഥാനമുണ്ട്.
എല്ലാവർക്കും ഒരേ കഴിവുകൾ ആവശ്യമില്ല. ഒരേ രീതിയിൽ മികവു പുലർത്തുന്നതിലല്ല, വ്യത്യസ്ത കഴിവുകളെ വ്യത്യസ്തമായി പ്രയോജനപ്പെടുത്തുന്നതിലാണ് കാര്യം. അറിഞ്ഞും അറിയാതെയും മറ്റൊരാളുമായി താരതമ്യം ചെയ്യുന്നു എന്നതാണ് വളർച്ചയ്ക്കെതിരായ എല്ലാ തിന്മകളുടെയും അടിസ്ഥാനം. അത് അസൂയയ്ക്കും ആത്മഹത്യയ്ക്കും വഴിവെട്ടും. ഇഷ്ടങ്ങൾ ഒന്നല്ല, അഭിരുചികൾ ഒന്നുപോലെയല്ല, പ്രകൃതം സമമല്ല. പിന്നെങ്ങനെയാണ് ലക്ഷ്യവും മികവും ഒരുപോലെയാകുന്നത്.
കഴിവുകൾ വിലയിരുത്തപ്പെടുന്നത് അവയ്ക്കനുകൂലമായ സാഹചര്യങ്ങളിൽനിന്നാണ്. തെറ്റായ പരിസരത്തുനിന്നു ശരിയായ ദിശയിലേക്കു വളരാൻ ആർക്കും കഴിയില്ല. ആയിരിക്കേണ്ട സ്ഥലത്തു ವ್ಯಾപരിക്കാൻ കഴിഞ്ഞാൽ എല്ലാവരുടെയും മികവ് തനിയെ പുറത്തുവരും. മറ്റാരെങ്കിലും തിളങ്ങിനിൽക്കുന്നയിടങ്ങളിൽ തനിക്കും ശോഭിക്കണം എന്ന അപകടകരമായ ചിന്തയാണ് സ്വന്തം മൂല്യം ഇടിച്ചു കളയുന്നത്.
ഏതിനെയും മറ്റൊന്നിനോടു തുലനം ചെയ്താലും ന്യൂനതകൾ കണ്ടെത്താനാകും. നീരൊഴുക്കിനെ എന്തിനാണ് വെള്ളച്ചാട്ടത്തോട് ഉപമിക്കുന്നത്?
എല്ലാവരെയും ഒരേ അളവുകോലുകൊണ്ട് അളക്കാനാകില്ല. ചിലതിന്റെ സൗന്ദര്യം ആകൃതിയാണ്; ചിലതിന്റേതു പ്രകൃതവും. എങ്ങനെ പ്രയോജനപ്പെടുന്നു എന്നു കണ്ടെത്തിയാൽ ഓരോന്നിന്റെയും യഥാർത്ഥസൗന്ദര്യവും മികവും മനസ്സിലാകും. ചിലതു സ്വീകരണമുറിയിൽ, ചിലത് അടുക്കളയിൽ, ചിലത് മുറ്റത്ത്, മറ്റു ചിലത് വഴിയിറമ്പിൽ. മറ്റൊരിടത്തേക്കു മാറ്റിയാൽ എല്ലാം പ്രയോജനരഹിതം.


