
മറുവശത്തുനിന്നും നോക്കാം
അയാൾ കൊടുമുടി കയറുകയാണ്. വടം കൊളുത്തുമായി ബന്ധിപ്പിച്ച് അതു മുകളിലേക്കെറിഞ്ഞ് നിശ്ചിതസ്ഥലത്ത് ഉടക്കിയിട്ടശേഷം അതിൽ തൂങ്ങിയാണ് മുകളിലേക്കു പോകുന്നത്. ഒരു തവണ എറിഞ്ഞപ്പോൾ അതു പാറയിടുക്കിൽ കുടുങ്ങി. അയാൾ പലതവണ വടം പിടിച്ചു വലിച്ചെങ്കിലും കൊളുത്തിന് ഒരു അനക്കവുമില്ല. കുറേനേരം ഇതെല്ലാം വീക്ഷിച്ച് തൊട്ടപ്പുറത്തുകൂടി മല കയറിക്കൊണ്ടിരുന്നയാൾ പറഞ്ഞു: അതു വലിച്ചാൽ പോരില്ല. നിങ്ങൾ ആ വടത്തിൽ തൂങ്ങി കുറച്ചുകൂടി മുകളിലെത്തു. അപ്പോൾ കൊളുത്തു കാണാം. അതു കൈകൊണ്ടുതന്നെ എടുത്തുമാറ്റി മലകയറുകയേ മാർഗമുള്ളൂ. അപ്രകാരം ചെയ്തപ്പോൾ അയാൾക്കു കൊളുത്തെടുക്കാനും യാത്ര തുടരാനും കഴിഞ്ഞു.
പ്രശ്നത്തിനടുത്തേക്കു ചെന്നാൽ പരിഹാരം കുറെക്കൂടി എളുപ്പമാകും. എല്ലാ പ്രശ്നത്തെയും നിശ്ചിത അകലത്തിൽനിന്നു കാണാനാണ് എല്ലാവർക്കുംഇഷ്ടം; പ്രത്യേകിച്ച് മറ്റുള്ളവരുടേതാണെങ്കിൽ. അതിനു ചില ഗുണങ്ങളുമുണ്ട്. വെറുതേ അഭിപ്രായം പറഞ്ഞാൽ മതി, കുറച്ചുനേരം ശ്രമിച്ചശേഷം പരിഹാരമില്ലെന്നു പ്രഖ്യാപിച്ച് സ്ഥലം കാലിയാക്കാം, കൂടുതൽ ശ്രമകരമായ മറ്റു മാർഗങ്ങൾ തേടേണ്ടതില്ല. സൂക്ഷ്മനിരീക്ഷണം നടത്തിയാൽ, മറുവശത്തുനിന്നു നോക്കിയാൽ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാകും. പ്രതിവിധി തനിയെ തെളിയും.
സ്വന്തം അഭിപ്രായത്തിന്റെയും താൻ മുറുകെപ്പിടിച്ചിരിക്കുന്ന കാഴ്ചപ്പാടിന്റെയും പരിസരത്തുനിന്നുകൊണ്ട് എല്ലാം പരിഹരിക്കാൻ ശ്രമിച്ചാൽ ഊർജ്ജനഷ്ടം മാത്രമായിരിക്കും ഫലം. ഒരേ രീതിയിൽ പലതവണ ശ്രമിച്ചിട്ടും പ്രയോജനമുണ്ടാകുന്നില്ലെങ്കിൽ വഴിമാറി ചെയ്യുക മാത്രമാണ് പ്രായോഗികബുദ്ധി. അതേ രീതിയിൽത്തന്നെ വീണ്ടും ശ്രമിച്ചു പരാജയപ്പെട്ടു നിരാശനാകുന്നതിനേക്കാൾ നല്ലതല്ലേ മറ്റൊരു മാർഗത്തിലൂടെയുള്ള പ്രയാണം.
ഏതെങ്കിലും പ്രശ്നത്തിലകപ്പെട്ടാൽ പരിഭ്രാന്തരായി അവിവേകം കാണിക്കുന്നതിനെക്കാൾ നല്ലത് നിശ്ശബ്ദനായി ഏറ്റവും ഫലപ്രദമായ മാർഗത്തെക്കുറിച്ചു ചിന്തിക്കുന്നതാണ്. യഥാർത്ഥ പ്രശ്നം എവിടെയെന്നു കണ്ടെത്തുകയാണ് ആദ്യപടി. അതിനുശേഷമേ പ്രതിവിധിയിലേക്കു ചുവടുവയ്പ്പു നടത്താവൂ. എല്ലാ പോരാട്ടങ്ങളും പുരോഗതി സമ്മാനിക്കില്ല. ഒട്ടും വിശ്രമിക്കാതെ കഠിനാധ്വാനം ചെയ്യുന്നതു മുഴുവൻ തെറ്റായ ദിശയിലാണെങ്കിൽ എന്തു പ്രയോജനം? എന്തെങ്കിലും ചെയ്യുന്നവർക്കല്ല, വേണ്ടതു ചെയ്യുന്നവർക്കാണ് വിജയം ലഭിക്കുക.