
സമാധാനത്തിന് അവധിയില്ല
നിശ്ശബ്ദധ്വാനത്തിനു വേണ്ടിയാണ് യുവാവ് ആശ്രമത്തിലെത്തിയത്. ഒരാഴ്ചത്തെ ധ്യാനം കഴിഞ്ഞപ്പോൾ താൻ കൂടുതൽ ശാന്തനും ശക്തനുമായെന്ന് അയാൾക്കുതോന്നി. എങ്കിലും എന്തോ ഒരു കുറവ് അയാൾക്കനുഭവപ്പെട്ടു. അവിടെ കണ്ട ഗുരുവിനോട് അയാൾ ചോദിച്ചു: താങ്കൾ എങ്ങനെയാണ് സമാധാനം കണ്ടെത്തുന്നത്? അദ്ദേഹം പറഞ്ഞു: ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളോടും 'യെസ്' എന്നാണ് എന്റെ പ്രതികരണം. യുവാവിന്റെ ഉള്ളിൽ വെളിച്ചം വീണു.
മാറ്റാൻ കഴിയാത്തവയ്ക്കെതിരെയുള്ള മാനസികയുദ്ധമാണ് മനസ്സമാധാനം നശിപ്പിക്കുന്നത്. താനാഗ്രഹിക്കുന്നതുപോലെ മാത്രം എല്ലാം സംഭവിക്കാനുള്ള കഴിവ് ആർക്കുമില്ല. അകാരണമായും അവിചാരിതമായും പലതും സംഭവിക്കും. അവയുടെ കാരണവും നീതീകരണവും തേടി നടന്നാൽ സ്വയം തളരുക മാത്രമാണ് ഫലം.
യാത്രയ്ക്കിറങ്ങുമ്പോൾ പെയ്യുന്ന മഴയോട് അരുതെന്നുപറഞ്ഞിട്ടു കാര്യമില്ല. യാത്ര മുടങ്ങിയാൽ ആ യാത്രയുടെ ലക്ഷ്യവും സമയവും നഷ്ടമായി എന്നുമാത്രം. ഇന്നലെകളുമായി തർക്കിക്കാതിരിക്കുമ്പോഴാണ് സ്വസ്ഥത കൈവരുന്നത്. സംഭവിച്ച പലതും നിസ്സാരമായതുകൊണ്ടല്ല അവയോടു മല്ലിടാതിരിക്കേണ്ടത്. അവ തുടർയാത്രകളെ തടസ്സപ്പെടുത്തും എന്നതുകൊണ്ടാണ്. മനസ്സുതുറന്ന് അംഗീകരിക്കാത്ത യാഥാർത്ഥ്യങ്ങളോട് വിവേകത്തോടെ സംവദിക്കാൻ ആർക്കും കഴിയില്ല. എത്ര ശ്രമിച്ചാലും നിരസിക്കലിന്റെ കല്ലുകടി തുടർന്നുകൊണ്ടേയിരിക്കും. സംഭവങ്ങളുടെ വേദന ഒഴിവാക്കാനാകില്ല. പക്ഷെ, അതു സംഭവിക്കാൻ പാടില്ലായിരുന്നു, അങ്ങനെയല്ലായിരുന്നു അതു വരേണ്ടിയിരുന്നത് തുടങ്ങിയ ചിന്തകൾ ആ സംഭവം നൽകിയ വേദനയേക്കാൾ വലിയദുരിതം സമ്മാനിക്കും.
എല്ലാം ശരിയായി നടക്കുമ്പോഴല്ല മനസ്സമാധാനം കൈവരുന്നത്, മനസ്സമാധാനം നേടുമ്പോഴാണ് എല്ലാം ശരിയായി നടക്കുന്നതും നടക്കുന്നതെല്ലാം ശരിയായ ദിശയിലേക്ക് വഴിതിരിക്കാനാകുന്നതും. എല്ലാം ഉത്തമമാകുന്നതു വരെ സമാധാനം അവധിക്കുവയ്ക്കരുത്. ഈ നിമിഷം സംഭവിക്കുന്ന എല്ലാ കാര്യങ്ങൾക്കും നന്മയുടെ സാക്ഷ്യപത്രം നൽകണം.
ആകസ്മിക സംഭവങ്ങളെയെല്ലാം ശത്രുവായിക്കണ്ടാൽ ജീവിതത്തോട് പൊരുത്തപ്പെടാനേ കഴിയില്ല. റദ്ദായ പ്രോജക്ടുകളോ ആരുടെയെങ്കിലും നിരസിക്കലൊ അപ്രതീക്ഷിത താമസമോ നിരാശ സൃഷ്ടിക്കും. പക്ഷെ, അതെല്ലാം ദിശമാറ്റത്തിനുള്ള കാരണമായി കാണുന്നവരുടെ മുന്നിൽ പുതിയ വാതിലുകൾ തുറക്കും.